ഓരോ ഓണവും മനസിലേക്ക് കൊണ്ട് വരുന്നത് ഒരായിരം ബാല്യകാല ഓര്‍മകളെ ആണ്...
വടം വലിയും, തലയിണ തല്ലും, വഴു മരം കയറലും, അങ്ങിനെ രസകരമായ എന്തൊക്കെ കളികള്‍ ആയിരുന്നു ഇന്നും ഇവ പണ്ടേ പോലെ നടക്കുന്നുണ്ടെങ്കിലും ആ പഴയ ഒരു പ്രതാപം ഒന്നിനും ഇല്ലന്നതാണ് സത്യം.
പ്രശസ്ത കവി ശ്രീ. മുരുകന്‍ കാട്ടകടയുടെ “ഓര്‍മ്മയ്ക്ക് പേരാണ് ഇതോണം” എന്ന വരികള്‍ പോലെ ചില നഷ്ട്ടങ്ങളുടെ ഓര്‍മ്മ പെടുത്തലുകള്‍ കൂടി ആണ് ഓണം. എന്‍റെ ഓര്‍മയില്‍ ആ നഷ്ട്ടങ്ങളുടെ പട്ടികയില്‍ മുന്നില്‍ നില്‍ക്കുന്ന ഒരു അമ്മയുണ്ട് തുമ്പ പൂവിന്‍റെ പരിശുദ്ധിയും, കണികൊന്നയുടെ ശോഭയും ഉള്ള ഒരമ്മ.
“സത്യമ്മ” എന്ന് പറഞ്ഞാല്‍ പട്ടാമ്പിക്കടുത്തുള്ള ഞാങ്ങാട്ടിരി എന്ന ഞങ്ങളുടെ ഗ്രാമത്തില്‍ അറിയാത്തവര്‍ ആരും ഉണ്ടാകില്ല. മേജര്‍ രവി (ഫിലിം ഡയറക്റ്റര്‍), കണ്ണന്‍ പട്ടാമ്പി (സിനി ആര്‍ട്ടിസ്റ്റ്) എന്ന അവരുടെ രണ്ട് മക്കളെ കുറിച്ച് പറഞ്ഞാല്‍ അറിയാത്ത മലയാളികളും ഉണ്ടാകില്ല. ഇന്നും ആ വീടിന് മുന്നിലൂടെ പോകുബോള്‍ നിറഞ്ഞ ചിരിയുമായി ആ വാതില്‍ക്കല്‍ നിന്ന് കൊണ്ട് ആ അമ്മ മോനെ എന്ന് നീട്ടി വിളിക്കുന്ന പോലേ തോന്നും, ആ കൈ കൊണ്ട് വിളമ്പിയ ഓണസദ്യ കഴിച്ചാണ് എന്‍റെ ചെറുപ്പത്തിലെ ഓരോ ഓണവും കടന്ന് പോയിരുന്നത്, ആ വിട്ടു മുറ്റത്ത് ആ അമ്മ തീര്‍ത്തിരുന്ന പൂക്കളങ്ങള്‍ ആയിരുന്നു ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും സുന്ദരമായ പൂക്കളങ്ങള്‍, അത്തം മുതല്‍ പത്ത് ദിവസങ്ങള്‍, ഓരോ ദിവസവും വലിപ്പം കൂടി കൂടി വരുന്ന പൂക്കളങ്ങള്‍, അവസാനം തിരുവോണ നാളില്‍ ആ നാട്ടിലെ ഏറ്റവും വലിയ പൂക്കളം ആയി മാറിയിരിക്കും അത്.
ഒരു പുലര്‍ കാലേ നിറഞ്ഞ ചിരിയും കുറെ ഉപദേശങ്ങളും ബാക്കി വെച്ച് അവര്‍ ഈ ലോകത്തോട് വിട പറഞ്ഞപ്പോള്‍ എനിക്ക് നഷ്ട്ടപെട്ടത് എന്‍റെ ഉമ്മയെ പോലേ ഒരു അമ്മയെ തന്നെ ആയിരുന്നു.
ഇന്ന് തിരുവോണം, ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോകേണ്ടത് പൂക്കളങ്ങള്‍ തീര്‍ക്കാത്ത, അമ്മയില്ലാത്ത അതേ വീട്ടിലേക്ക് തന്നെ ആണ് കണ്ണേട്ടന്റെ വീട്ടില്‍ ഭക്ഷണം കഴിക്കാന്‍ ഇരിക്കുന്ന ടേബിളിന് മുകളില്‍ ചിരിച്ച് കൊണ്ടിരിക്കുന്ന അമ്മയുടെ പടം ഉണ്ട് അതിന് മുന്നില്‍ ഇരുന്ന് ഭക്ഷണം കഴിക്കുബോള്‍ ഞാന്‍ ആലോചിക്കാറുണ്ട് ആത്മാവ് എന്നത് ഒരു സത്യമാണെങ്കില്‍ എന്‍റെ തോളില്‍ കൈ ഇട്ട് കൊണ്ട് മുടി ഇഴകളെ തലോടി കൊണ്ട് ആ അമ്മ എന്‍റെ അരികില്‍ ഇരിക്കുന്നുണ്ടാകും, കുറച്ച് കൂടി കഴിക്കാന്‍ സ്നേഹത്തോടെ ശ്വാസിക്കുന്നുണ്ടാകും.
എന്‍റെ പ്രിയപ്പെട്ട സുഹൃത്തുക്കള്‍ക്ക് നനുത്ത ഓര്‍മ്മകളുടെ സുന്ദരമായ ഒരോണം നേര്‍ന്ന് കൊണ്ട് നിങ്ങളുടെ സ്വന്തം ---Sp---