ഒരു കല്യാണ തലേന്ന്
പലപ്പോഴും മറ്റുള്ളവര്‍ക്ക് പറ്റുന്ന അമളികള്‍ ആണ് നമ്മെ ചിരിപ്പിക്കാര് നാം സ്വയം ചമ്മുബോള്‍ നമുക്ക് അത് വേദനയും സഹിക്കാന്‍ പറ്റാത്തതുമായിരിക്കും. എങ്കിലും നമുക്ക് പറ്റുന്ന ചില അബന്ധങ്ങള്‍ നമ്മെ സ്വയം ചിരിപ്പിക്കാരുണ്ട്. കഴിഞ്ഞ ദിവസം എനിക്കൊരു വലിയ അബദ്ധം പറ്റി രണ്ടു ദിവസമായി ഞാന്‍ അതോര്‍ത്തു ചിരിയോടു ചിരി ആയിരുന്നു.
സാധാരണ കല്യാണ വീടുകളില്‍ കളിയായും, തമാശയായും പലര്ക്കു പണി കൊടുക്കല്‍ ഞങ്ങള്‍ ആണ് ഞങ്ങള്‍ എന്ന് പറഞ്ഞാല്‍ ഞാനും എന്റെ സുഹൃത്തുക്കളും അടങ്ങുന്ന വലിയ ഒരു സംഘം തന്നെ ഉണ്ട് ചിലപ്പോള്‍ ചില പണികള്‍ അങ്ങോട്ട് കൊടുത്തതിനേക്കാള്‍ ഇരട്ടി സ്പീഡില്‍ തിരിച്ചു ഇങ്ങോട്ടും കിട്ടാറുണ്ട്. കൊടുത്താല്‍ കൊല്ലത്തും കിട്ടും എന്ന് കേട്ടിട്ടില്ലേ അതുപോലെ.
അധികവും ഇത്തരം തമാശകള്‍ക്ക് വിധിക്ക പെടുന്നത് വധൂ-വരന്‍മാര്‍ തന്നെ ആയിരിക്കും, ഉപ്പിട്ട പായസം കുടിപ്പിച്ചും, കതിര്‍ മണ്ഡപത്തില്‍ നിര്‍ത്തി കോല്‍ ഐസ് തീറ്റിച്ചും, നല്ല പുളിയുള്ള നെല്ലിക്ക കടിക്കാന്‍ കൊടുത്തും, എത്ര എത്ര വധൂ വരന്‍മാര്‍ ഞങ്ങള്‍ക്കിടയിലൂടെ കടന്നു പോയി ആദ്യ രാത്രിയില്‍ എല്ലാവരും ഉറക്കം പിടിക്കുമ്പോള്‍ മണിയറയുടെ ജനാലക്കല്‍ കൊണ്ട് പോയി മാല പടക്കം പൊട്ടിക്കുക എന്നത് ഒരു സ്ഥിരം ഏര്‍പ്പാട് തന്നെ ആയി മാറി.
എന്റെ എല്ലാ കൂട്ടുകാരുടെ കല്യാണത്തിനും, പണികൊടുക്കാന്‍ മുന്‍പന്തിയില്‍ നിന്ന എനിക്കും കിട്ടി മുട്ടനൊരു പണി. എന്റെ ഉപ്പാനെ എല്ലാവര്‍ക്കും നല്ല ബഹുമാനവും, അത്യാവശ്യം പേടിയും ആയതു കൊണ്ട് എനിക്ക് ചെറിയ ഒരു ആശ്വാസം ഉണ്ടായിരുന്നു. എന്നാല്‍ ഉറക്കം പിടിക്കുന്നതിനു മുന്നേ എന്റെ മണിയറയുടെ മുന്നിലും പൊട്ടി നല്ല പത്തിരുപത് ഗുണ്ടുകള്‍ പ്രതീക്ഷിച്ചു കിടന്നിരുന്ന ഞാന്‍ ഭാനുവിനോട് പറഞ്ഞു മോളെ എഴുന്നെല്‍ക്കേണ്ട അതവിടെ പൊട്ടിക്കോട്ടേ എന്ന്.
എന്നാല്‍ ഞാന്‍ സ്വപനത്തില്‍ പോലും വിചാരിക്കാത്ത കാര്യമാണ് എന്റെ ഭാര്യവീട്ടില്‍ നടന്നത് അവിടെ ഉണ്ടായിരുന്ന കുറച്ചു കശ്മലന്‍ മാരും, കഷ്മലചികളും കൂടി വിരുന്നിന്‍റെ അന്ന് ഭാനുവിന്റെ ഉമ്മാന്റെ കൈയില്‍ കൊടുടയച്ച പാലില്‍ വേണ്ടുവോളം ഉപ്പ് കലക്കിയിരുന്നു. ക്ലാസ് ചുണ്ടില്‍ അടുപ്പിക്കുന്ന വരെ ഒരു സൂചനയും കിട്ടിയിരുന്നില്ല, ആരുടേയും മുന്നില്‍ തോല്‍ക്കാന്‍ മനസില്ലാത്ത ഞാന്‍ ഒരു ഭാവ വെത്യാസവും കൂടാതെ ആ പാല്‍ മുഴുവന്‍ സിപ്പ് സിപ്പായി കുടിച്ചു. ഉപ്പ് കലക്കിയവളുമാര്‍ ഒക്കെ എന്റെ കുടിക്കല്‍ കണ്ടു ക്ലാസ് എങ്ങാനും മാറിയോ എന്ന് വരെ സംശയിച്ചു.
ഒന്നും അറിയാത്ത മട്ടില്‍ ഒരു പെങ്ങള് എന്നോട് ചോദിച്ചു അളിയാ പാലില്‍ മധുരം ഒക്കെ ഇല്ലേ എന്ന് ..?
ആ അത്യാവശ്യത്തിനു മധുരം ഒക്കെ ഉണ്ട് എന്ന എന്‍റെ മറുപടി കേട്ട്, നമ്മുടെ ഒരളിയന്‍ (നിങ്ങള്‍ അറിയും ആളെ അതെ നമ്മുടെ യൂസഫ് പൂലത്ത്) പതുക്കെ ഞാന്‍ കുടിച്ച കളാസില്‍ വിരല്‍ മുക്കി നക്കി നോക്കുന്നത് കണ്ടു യൂസഫിന്റെ മുഖത്ത് നവരസങ്ങളും പിന്നെ പത്താമത്തെ ഒരു രസവും കണ്ട മറ്റുള്ളവര്‍ മുഴുവന്‍ എന്റെ കാല്‍ക്കല്‍ വീണു അളിയാനെ ഞങ്ങള്‍ സമ്മതിച്ചു.
പക്ഷെ ശരിക്കും വീണത് ഞാന്‍ ആയിരുന്നു അവിടന്ന് അര മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും എന്റെ ചെറുകുടലിലും വന്‍ കുടലിലും സുനാമി തിരകള്‍ ആര്‍ത്തിരമ്പി.
ചര്ദ്ധിച്ചു ചര്ദ്ധിച്ചു മനുഷിന്റെ ഊപ്പാട് ഇളകിയപ്പോള്‍ ഞാന്‍ മനസറിഞ്ഞു പ്രാര്‍ഥിച്ചു ദൈവമേ ഈ ഗതി ഇനി ഞങ്ങളുടെ നാട്ടില്‍ കല്യാണം കഴിക്കുന്ന എല്ലാവര്‍ക്കും വരുത്തണേ എന്ന്...
പക്ഷെ ഇതൊന്നുമല്ല എനിക്ക് പറ്റിയ പറ്റ് ഈ കഴിഞ്ഞ ദിവസം എനിക്ക് വളരെ വേണ്ട പെട്ട ഒരു കല്യാണം ഉണ്ടായിരുന്നു, കല്യാണം മണ്ഡപത്തില്‍ വെച്ചാണ് നടക്കുന്നത്, പക്ഷെ കല്യാണ തലേന്ന് പാര്‍ട്ടി അവരുടെ വീട്ടില്‍ വെച്ചും. ആ ഞാറാഴ്ച നാലഞ്ചു കല്യാണങ്ങള്‍ ഉണ്ടായിരുന്നത് കൊണ്ട് പതിവ് പോലെ ഞാനും എന്റെ കൂട്ടുകാരും ചേര്‍ന്ന് ഞങ്ങള്‍ക്ക് വളരെ വേണ്ട പെട്ട ഈ കല്യാണവീട്ടില്‍ നിന്ന് മൂക്ക് മുട്ടെ നെയ് ചോറും നല്ല പോത്തിറച്ചിയും അടിച്ചു മാറി മറ്റു കല്യാണ വീടുകള്‍ സന്ദര്‍ശിക്കാന്‍ പോയി.
മറ്റ് മൂന്ന് കല്യാണ വീടുകളിലും പോയി തിരിച്ചു വരുബോള്‍ സമയം രാത്രി പതിനൊന്നര മണി കഴിഞ്ഞിരുന്നു. എന്തായാലും പോകുന്ന വഴിയില്‍ മണ്ഡപത്തില്‍ ഒന്ന് കയറാം എന്ന് കരുതി കൂട്ടുപാത ടി.കെ.എം. കല്യാണ മണ്ഡപത്തില്‍ ഇറങ്ങി.
അവിടെ ചെന്നപ്പോള്‍ ആരും ഇല്ല ഇതെന്തുപറ്റി എന്ന് അന്തംവിട്ട് നില്‍ക്കുബോഴാണ് അടുക്കളയില്‍ നിന്ന് ഒരാള്‍ വന്നിട്ട് നിങ്ങള്‍ കല്യാണ വിട്ടില്‍ നിന്ന് വരുന്നവര്‍ ആണോ എന്ന് ചോദിക്കുന്നത്..?
അതേ എന്ന് പറഞ്ഞപ്പോള്‍ അയാള്‍ പറഞ്ഞു എന്താ കല്യാണ വീട്ടില്‍ നിന്ന് ആരും ഇങ്ങോട്ട് ഒന്ന് തിരിഞ്ഞു നോക്കാത്തത് ഇറച്ചിയുടെ പാട്സ് ഒന്നും ഇത് വരെ ആരും കൊണ്ട് പോയില്ല. (കോഴി ബിരിയാണി വെക്കുമ്പോള്‍ കോഴിയുടെ കൈ അതായത് ചിറക് ഭാഗം, കഴുത്ത്, ലിവര്‍ ഇതൊന്നും ബിരിയാണിക്ക് ഉപയോഗിക്കില്ല അത് കല്യാണ ദിവസം രാവിലെ ഭക്ഷണത്തിന് കറി യായിട്ടു ഒക്കെ ആണ് ഉപയോഗിക്കുക) അതിനെ കുറിച്ചാണ് ആള്‍ പറയുന്നത് എന്ന് മനസിലാക്കിയ ഞാന്‍
ഇങ്ങ് തന്നോ ഇക്കാ ഞാന്‍ കൊണ്ട് കൊടുത്തു കൊള്ളാം എന്ന് പറഞ്ഞു.
കല്യാണ വീട്ടില്‍ കോഴി ലിവറുമായി കയറി ചെന്ന ഞാന്‍ കല്യാണ പെണ്ണിന്റെ വാപ്പനോട് ചോദിച്ചു അല്ല നിങ്ങള്‍ എന്നാ പണിയാ ഈ കാണിക്കുന്നേ ആ മണ്ഡപത്തില്‍ ആരെങ്കിലും ഒന്ന് ചെല്ലൂന്നേ..
ഞാന്‍ ഇത്രയും നേരം അവിടെ തന്നെ ആയിരുന്നു എന്ന് കല്യാണ പെണ്ണിന്‍റെ ഉപ്പ.
ഹോ പിന്നെ നിങ്ങളെ ഒന്നും അങ്ങോട്ട് കാണാഞ്ഞിട്ടാണ് ആ ബിരിയാണി വെപ്പുകാരന്‍ ഈ കോഴി പാട്സ് എന്‍റെ കൈല്‍ തന്നു വിട്ടത്.
എന്താ നീ ഈ പറയുന്നേ അതൊക്കെ പത്തുമണിക്കെ ഞാന്‍ വാങ്ങി കൊണ്ട് വന്നല്ലോ
അപ്പൊ ഇതോ..? എന്‍റെ കൈലേ പൊതി കാണിച്ചു ഞാന്‍ ചോദിച്ചു.
ആ എനിക്കറിയില്ല അല്ല നീ ഇത് എവിടന്നാ വാങ്ങിയത് ..?
ടി.കെ.എം. മണ്ഡപത്തില്‍ നിന്ന്
ഹ ഹ ഹ ഒരു നീണ്ട ചിരിയാണ് ഞാന്‍ കേട്ടത് കൂട്ടത്തില്‍ ഒരു കാര്യം കൂടി അങ്ങേര് പറഞ്ഞു ഡാ മണ്ടാ നമ്മുടെ കല്യാണം കൈരളി മണ്ഡപത്തില്‍ ആണ് നടക്കുന്നത് എന്ന് നിനക്കറിയില്ലേ..?
അപ്പോള്‍ ആ കല്യാണം ..?
ആ ആര്‍ക്കറിയാം..
ദൈവമേ എന്‍റെ നെഞ്ചില്‍ ഒരു കൊള്ളിയാന്‍ മിന്നി.
കൂടുതല്‍ ചമ്മാന്‍ നില്‍ക്കാതെ ആ പൊതിയുമായി ടി.കെ.എം മണ്ഡപത്തിലേക്ക് തിരിച്ച ഞാന്‍ അവിടെ എത്തിയപ്പോള്‍ കണ്ടത് ഒരു കൂട്ടം ആളുകളെ ആണ്.
എന്താ പ്രശ്നം..? എന്ന് ഒരു പരിചയമുള്ള ആളോട് ചോദിച്ചപ്പോള്‍ അയാള്‍ പറയുകയാണ് ഏതോ ഒരു വിരുതന്‍ കോഴി ലിവറു മായി മുങ്ങി എന്ന് ഒപ്പം ഒരു കമന്റ്ടും പല കള്ളന്‍ മാരെയും കണ്ടിട്ടുണ്ട് കൊഴിലിവര്‍ മാത്രം മോഷ്ട്ടിക്കുന്ന കള്ളന്‍ ഇതാദ്യയിട്ടാ.
അപ്പോഴേക്കും വേറെ ഒരുത്തന്‍ പറയുകയാണ് കഴിഞ്ഞ ആഴ്ച ഇതിന്‍റെ തൊട്ടപ്പുറത്തെ മണ്ഡപത്തില്‍ ഇത് പോലെ ഒരുത്തന്‍ ലിവര്‍ അടിച്ചു കൊണ്ട് പോയി എന്ന് ...
ദൈവമേ എല്ലാംകൂടി എന്‍റെ തലയില്‍ ആകുമോ, പിന്നെ കൂടുതല്‍ ഒന്നും ആലോചിക്കാതെ ഞാന്‍ കാര്യം പറയാന്‍ തീരുമാനിച്ചു. അതെ ചേട്ടാ ഒരബദ്ധം പറഞ്ഞു തീരുന്നതിന് മുന്നേ വെപ്പുകാരന്‍ ചാടി വീണു ഇതാ ഇവനാണ് ഇവിടന്നു സാധനം കൊണ്ട് പോയത് ഇയ്യാളാണ് ലിവര്‍ കള്ളന്‍.
എല്ലാവരും എന്നെ ഒരു ഇടഞ്ഞ നോട്ടം നോക്കി, കണ്ടപ്പോള്‍ ഒരു മാന്യന്‍ ആണ് എന്ന് തോന്നിയത് കൊണ്ടാകണം ആരും കൈ വെച്ചില്ല, പെട്ടന്ന് കാര്യം പറഞ്ഞ് ലിവര്‍ തിരിച്ചു കൊടുത്തു ഞാന്‍ മടങ്ങുബോള്‍ ഒരു കൂട്ട ചിരി മുഴങ്ങുന്നത് ഞാന്‍ കേട്ടു, അവരെ നോക്കി ഞാനും ഒരു ചിരി ചിരിച്ചു ഒരു സൈക്കിളില്‍ നിന്ന് വീണ ചിരി.


